ആ രാത്രി പുറത്തെ ഇരുട്ടിലേക്ക് ദൈവം നോക്കിയിരുന്നു. അങ്ങനെ എത്ര മണിക്കൂർ ഇരുന്നു എന്നു പോലും ദൈവത്തിന് നിശ്ചയമില്ല.ആ ഇരുട്ടിൻ്റെ ഏകാന്തതയിൽ ചീവീടുകളുടെ ശബ്ദം കാതിൽ തുളച്ചു കയറിയപ്പോൾ ദൈവത്തിന് സ്ഥലകാല ബോധം വന്നു. നേരം വെളുക്കാറായിരിക്കുന്നു. പെട്ടെന്ന് എണീറ്റ് അകത്തെ കട്ടിലിൽ പോയി കിടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പോഴേക്കും പള്ളിയിലെ പ്രഭാത മണിയടി ഒച്ച മുഴങ്ങി തുടങ്ങിയിരുന്നു. പ്രാർത്ഥനകൾ ഉയരുന്ന ശബ്ദം ചെവിയിൽ കേട്ടു തുടങ്ങിയിരിക്കുന്നു. അത് കേട്ടിട്ടാണ് എന്ന് തോന്നുന്നു, ഒന്ന് മയങ്ങി പോയത്. ഉണർന്നപ്പോഴേക്കും ദൈവത്തിന്റെ ചിന്തകൾ നിഷ്കളങ്കിതയുടെ സൂയിസൈഡ് അറ്റംപ്ൻഡിനെ കുറിച്ചായിരുന്നു. അവൾ എന്തിനാണ് അത് ചെയ്തത്? നല്ല സന്തോഷത്തോടെ സംസാരിച്ചു കിടന്നുറങ്ങാൻ പോയതല്ലേ അവൾ? അതിനു ശേഷം പിന്നെ അവൾക്ക് എന്ത് സംഭവിച്ചു? ഒരുപാട് ചോദ്യങ്ങളുമായി ദൈവം യാന്ത്രികമായി വീട്ടു കാര്യങ്ങളൊക്കെ ഒതുക്കിയ ശേഷം അവളുടെഫോണിലേക്ക് വിളിച്ചു. മറുതലയ്ക്കൽ നിന്ന് മറുപടി വന്നു. സംസാരിച്ചോളൂ..... ദൈവം പറഞ്ഞു. നിനക്ക് സുഖമല്ലേ ഇപ്പോൾ? ദൈവം ചെറുചിരിയോടെ ചോദിച്ചു. ആരാണ് അടുത്തുള്ളത്? അഛൻ എന്നവൾ മറുപടി പറഞ്ഞു. കുഴപ്പമില്ല, സംസാരിക്കുക. ഫോൺ സ്പീക്കറിൽ ഇട്ടു കൊണ്ടവൾ ദൈവത്തോട് സംസാരിച്ചു തുടങ്ങി. അവളുടെ അച്ഛൻ എല്ലാം അടുത്ത് നിന്ന് കേൾക്കുന്നുണ്ടായിരുന്നു. ദൈവം ചോദിച്ചു, നീ എന്ത് പണിയാണ് കാണിച്ചത്? നിനക്ക് എന്തെങ്കിലും സംഭവിച്ചു പോയിരുന്നെങ്കിൽ ഞാനിപ്പോൾ പഴി കേൾക്കുകയും ജയിലിൽ പോയി കിടക്കേണ്ടി വരികയും ചെയ്യുമായിരുന്നില്ലേ? എന്നാൽ നിഷ്കളങ്കമായി അവൾ തിരിച്ചു ചോദിച്ചു, അതെന്തിനാടാ ഞാൻ മരിച്ചാൽ നീ ജയിലിൽ കിടക്കുന്നത്? അതിത് നീ ഒരിക്കൽ പോലും നേരിട്ട് എന്നെ കണ്ടിട്ട് പോലുമില്ലല്ലോ? ദൈവം പറഞ്ഞു, നീ സൂയിസൈഡ് ചെയ്യാൻ പോകുന്നതിന് തൊട്ടുമുൻപ് നീ ആരെയാണ് വിളിച്ചതെന്ന് നിനക്ക് ഓർമയുണ്ടോ? നിന്റെ ഫോണിൽ നിന്ന് നീ അവസാനം വിളിച്ചത് എന്നെ ആയതുകൊണ്ട് നീ മരിച്ചിരുന്നെങ്കിൽ ഞാൻ പറയുന്ന യാഥാർത്ഥ്യങ്ങൾ അറിയാത്തവർ ഞാൻ നൽകേണ്ടി വരുന്ന വിശദീകരണങ്ങൾ വിശ്വസിക്കുമോ? ഇതുവരെ നേരിൽ കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ പോലും ആരെങ്കിലും വിശ്വസിക്കുമോ?
എടാ ഞാൻ അതൊന്നും ചിന്തിച്ചിട്ട് പോലുമില്ല. സോറി ഡാ. ദൈവം പറഞ്ഞു പോട്ടെ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. കഴിഞ്ഞത് കഴിഞ്ഞു. നീ എന്തിനാണ് ഇത് ചെയ്തത്? എടാ നിന്നോട് സംസാരിച്ചു ഞാൻ എല്ലാം ഒകെ ആയിട്ടായായിരുന്നു ഉറങ്ങാൻ പോയി കിടന്നത്. പക്ഷെ ഉറക്കം വന്നില്ല. അപ്പോഴാണ് ആ ചതിയൻ എന്നെ ഇങ്ങനെ പറ്റിച്ചല്ലോ, ഇനി ഞാൻ എന്തിനാണ് ജീവിക്കുന്നത്, എനിക്ക് ചതിവ് പറ്റിയില്ലോ, എന്നൊക്കെ തോന്നിയത്. ചിന്തകൾക്ക് ഭാരം കയറിയപ്പോൾ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. സോറി. ഞാനങ്ങനെ ചെയ്തു പോയി. മറ്റൊന്നും ചിന്തിച്ചില്ല. സോറി. അവൾ കരഞ്ഞു തുടങ്ങി.
നീ ഇനി സോറി ഒന്നും പറഞ്ഞ് കരയേണ്ട, ഞാൻ അവനെ വിളിച്ചു സംസാരിച്ചു. നിൻ്റെ ശരീരവും കാശും മാത്രമേ അവന് ആവശ്യമുണ്ടായിരുന്നുള്ളൂ. പണക്കാരിയായ ഒരു മുതലാളിച്ചിയോടുള്ള കമ്പം. അവൻ മറ്റു ചില പെണ്ണുങ്ങളോടും ഇങ്ങനെയൊക്കെ തന്നെയാണ് ഇടപെടുന്നത് എന്ന് അവന്റെ കൂടെ ജോലി ചെയ്യുന്ന എന്റെ കുറച്ചു സുഹൃത്തുക്കൾ പറഞ്ഞു. ദൈവം പറഞ്ഞു ഒരു വൃത്തികെട്ടവൻ പോയെങ്കിൽ നിനക്ക് നല്ലവൻ വരും. അതാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ഇനി ഒരിക്കലും നിനക്ക് അവന്റെ ഉപദ്രവം ഉണ്ടാവില്ല. നീ അവനെ നിന്റെ മനസ്സിൽ നിന്ന് പൂർണ്ണമായി പറിച്ചു കളയുക. അവൻ നിന്നോട് ചെയ്ത കാര്യങ്ങൾ ഉൾപ്പെടെ നീ നിന്റെ മനസ്സിൽ നിന്ന് പറിച്ചു മാറ്റണം, ദൈവം പറഞു.
ഒരു ദീർഘനിശ്വാസം വിട്ട ശേഷം അവൾ പറഞ്ഞു, സത്യം ഞാനവനെ ഇവിടെ വച്ച് മറന്നു. ആ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി അനുസരിക്കുമെന്നും നീ പറയുന്നതു പോലെ ഞാൻ ചെയ്തോളാം എന്നും ദൈവത്തിന് അവൾ വാക്കുകൊടുത്തു. ആ വാക്ക് അവൾ ഒരിക്കലും തെറ്റിച്ചിട്ടേയില്ല. പിന്നിട്ട പഴയ കഥകളിൽ പോലും അവൾ അവനെ ഓർത്തിട്ടില്ല. അവളുടെ ജീവിത കഥ പറയുമ്പോൾ പോലും ആ കഥാപാത്രത്തെ ഒരാളുടെ മുന്നിൽ പോലും അവൾ അവതരിപ്പിച്ചിട്ടില്ല. ദൈവത്തിന്റെയും അവളുടെയും സംഭാഷണങ്ങൾ കേട്ടുകൊണ്ട് അവളുടെ കട്ടിലിന് അരികെ തന്നെ അവളുടെ അച്ഛൻ നിൽപ്പുണ്ടായിരുന്നു. അച്ഛൻ അവളോട് ചോദിച്ചു, ഈ ചെറുപ്പക്കാരൻ ആരാണ്? ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയൊക്കെയുള്ള ചെറുപ്പക്കാർ ഉണ്ടോ? അയാൾ എത്ര മനോഹരമായിട്ടാണ് ഓരോ കാര്യങ്ങളും നിന്നോട് എന്നോടും സംസാരിച്ചത്! ഇത്രയും സത്യസന്ധനാണോ അയാൾ? നിന്റെ ഫോണിൽ അയാൾ നിന്നോട് സംസാരിക്കുന്നത് ഞാൻ കൂടി കേൾക്കണമെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു. അതാണ് ഫോൺ സ്പീക്കർ ഇട്ടത്. എത്ര മനോഹരമായിട്ടാണ് ആ ചെറുപ്പക്കാരൻ നിന്നോട് ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത്. ഈ പ്രായത്തിൽ എനിക്ക് പോലും ചിന്തിക്കാൻ കഴിയാത്ത കാര്യങ്ങളാ യിരുന്നല്ലോ ആ ചെറുപ്പക്കാരൻ നിന്നോട് സംസാരിച്ചത്. അവൾ പറഞ്ഞു അവനാണ് ദൈവം......!
അച്ഛൻ കുറച്ചു നേരം അവളെ നോക്കി നിന്നു. അതെ, ദൈവം തന്നെ. ആ ദൈവത്തെ അവൾ ഇന്നുവരെ നേരിൽ കണ്ടിട്ടില്ല എന്ന് പറഞ്ഞത് കേട്ടിട്ട് അച്ഛനു പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. അച്ഛൻ പറഞ്ഞു എനിക്കും കാണണം നിന്റെ ദൈവത്തെ. നമുക്ക് ഒരുമിച്ച് പോയി കാണാം മോളെ.
ആശുപത്രി വാസം കഴിഞ്ഞ് അവൾ തിരികെ അഛൻ്റെ തറവാട്ടു വീട്ടിലെത്തി.
അവിടുന്ന് രണ്ട് ദിവസത്തെ റസ്റ്റ് കഴിഞ്ഞ് അവളെയും കൂട്ടി അച്ഛൻ എത്രയും പെട്ടെന്ന് ബാംഗ്ലൂർക്ക് മടങ്ങി. കാരണം നാട്ടുകാരുടെ മുന്നിലും കുടുംബക്കാരുടെ മുന്നിലും ആഢ്യത്വത്തോടെ ജീവിക്കുന്ന ഡോക്ടർ ആയ അമ്മയ്ക്ക് നാണക്കേടായിരുന്നു മോളുടെ ഈ സൂയിസൈഡ് ശ്രമം. അവർ നാട്ടുകാരോടും കുടുംബക്കാരോടും പറഞ്ഞു, ക്യാൻസറിന്റെ ലക്ഷണങ്ങൾ വീണ്ടും അവരിൽ കാണിച്ചു തുടങ്ങിയപ്പോൾ അവൾ മാനസികമായി തകർന്നു, യതെല്ലാം ആ വേദനയിലാണ് അവൾ ഈ കടുംകൈ ചെയ്തതെന്ന് . നാലാളുടെ മുന്നിൽ ആ അമ്മ ക്യാൻസർ കഥ പറഞ്ഞു രക്ഷപ്പെട്ടു. തിരികെ ബാംഗ്ലൂരിലെത്തിയ അവൾ ദിനം പ്രതി ദൈവത്തെ വിളിച്ച് സംസാരിക്കുമായിരുന്നു. പഴയതിനെക്കാള്‍ ചുറുചുറുക്കോടയും പ്രസരിപ്പോടെയും അവൾ ജീവിച്ചു തുടങ്ങി. അവൾക്ക് നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം ഒരു മോട്ടിവേറ്റർ ആയി നിന്നുകൊണ്ട് ദൈവം തിരികെ നൽകി . അവൾ മകന്റെ പഠനകാര്യത്തിലും കമ്പനിയുടെ കാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തി പഴയതിനെക്കാളും ഊർജ്ജസ്വലതിയോടെ അവൾ ജോലികൾ ചെയ്തു തുടങ്ങി. മറ്റൊരു നല്ല കാലത്തിൻ്റെയോ അതോ കെട്ട കാലത്തിൻ്റേയോ വിത്തുകൾ ഇതിനിടയിൽ 'പൊട്ടി മുളച്ചു തുടങ്ങിയത് മാത്രം പക്ഷെ ആരും അറിഞ്ഞില്ല. അവളും.....
(തുടരും)
/ ഷിജിന സുരേഷ് /
The Story of an Innocent Pearly White Dove - 4